പോലീസിന്റെ കായിക ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന്
തിരുവനന്തപുരം: പോലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം എസ് ശ്രീജിത്തിന് ചുമതല നല്‍കി. പോലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിന്‍വാതില്‍ നിയമനം വിവാദമായ സാഹചര്യത്തില്‍ തന്നെ മാറ്റാന്‍ അജിത് കുമാര്‍ സ്വയം കത്ത് നല്‍കുകയായിരുന്നു.
സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസറാണ് സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയല്‍ നീക്കം നടത്തേണ്ടത്. നേരത്തെ രണ്ട് ബോഡി ബില്‍ഡര്‍ താരങ്ങളെ പോലീസ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തു. കത്തില്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കി കൊണ്ടാണ് ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാര്‍ത്തകള്‍ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എം ആര്‍ അജിത് കുമാറിനെ മാറ്റിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..