നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമര പോലീസ് കസ്റ്റഡിയില്‍
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ മൂന്ന് മണിവരെയാണ് ചെന്താമരയെ ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനായി സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും. പ്രതി കൃത്യം ചെയ്തത് വിശദീകരിക്കുന്നതായിരിക്കും രേഖപ്പെടുത്തുക. ഇതെല്ലാം അന്വേഷണസംഘം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്യും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പിടിയിലായപ്പോള്‍ പ്രതി നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ അടക്കം വ്യക്തതവരുത്തുകയാണ് ചെയ്യുക. വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും. നെന്മാറ, മംഗലം ഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 500 പോലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.