പാതിവില തട്ടിപ്പില്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും; എന്‍ജിഒ കോണ്‍ഫെഡറേഷനും പിടിവീഴും

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറും മുഖ്യപ്രതിയാകും. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇയാള്‍ക്ക് പുറമേ നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരേയും കേസില്‍ പ്രതിചേര്‍ക്കും. നേരത്തെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായിരുന്നു ആനന്ദകുമാര്‍.
സ്‌കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എന്‍ ജി ഒ കോണ്‍ഫെഡറേഷനാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പോലീസ് കണ്ടെടുത്തു. ഇതില്‍ നിന്നാണ് അനന്തുവിനെ സ്‌കൂട്ടര്‍വിതരണത്തിന് ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്.
അതിനിടെ, അനന്തുകൃഷ്ണന്റെ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ഇയാളുടെ അക്കൗണ്ടന്റുമാരെവിളിച്ചുവരുത്തി പോലീസ് മൊഴിയെടുക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കടക്കം താന്‍ പണം കൈമാറിയതായി കഴിഞ്ഞ ദിവസം അനന്തു മൊഴി നല്‍കിയിരുന്നു. പലര്‍ക്കും ബിനാമികള്‍ വഴിയാണ് പണം നല്‍കിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചും പോലീസിന്റെ അന്വേഷണം നടക്കുകയാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കോഴിക്കോട് ജില്ലയില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രം 2.72 കോടിയുടെ തട്ടിപ്പിന്റെ പരാതികളാണ് വന്നത്. 160 പേരെയാണ് വഞ്ചിച്ചതെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സി.ഒ.ഡിയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 81 സ്‌കൂട്ടറുകള്‍ പകുതി വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 46.80 ലക്ഷം രൂപയാണ് ഗുണഭോക്തൃവിഹിതമായി സി.ഒ.ഡി മുഖേന നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ കൈപ്പറ്റിയത്