ലോക്കോ പൈലറ്റുമാര്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഹോമിയോ മരുന്ന് കഴിക്കരുതെന്ന വിചിത്ര ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാര്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഹോമിയോ മരുന്ന് കഴിക്കരുതെന്നും കരിക്ക് കുടിക്കരുതെന്നുമുള്ള വിചിത്ര ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വേ. ഈ മാസം 18ന് ഇറങ്ങിയ ഉത്തരവ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത നിര്‍ദേശം പിന്‍വലിച്ചുകൊണ്ട് വീണ്ടും ഉത്തരവിറക്കിയത്. ഹോമിയോ മരുന്ന് വിലക്കിയതിനെതിരെ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു.
Also Read; വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം
ലോക്കോ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. സമീപകാലത്തായി ഇത്തരം പരിശോധനയില്‍ വ്യാപകമായി മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ പിടികൂടുന്നവരുടെ രക്ത സാമ്പിളുകള്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിക്കുമ്പോള്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനും കഴിയുന്നില്ല. ഈ ‘പ്രതിഭാസം’ എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ജീവനക്കാര്‍ ഹോമിയോ മരുന്ന്, ശീതളപാനീയങ്ങള്‍, ഇളനീര്‍വെള്ളം, ചിലതരം വാഴപ്പഴങ്ങള്‍, കഫ് സിറപ്പ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കുന്നതാണ് ബ്രീത്ത് അനലൈസറില്‍ ‘ബീപ് അടിക്കാന്‍’ കാരണമെന്ന് റെയില്‍വേ കണ്ടെത്തിയത്.
ഇതോടെയാണ് ”ഡ്യൂട്ടിക്ക് കയറുന്നതിനോ ഇറങ്ങുന്നതിനോ മുമ്പായി ഈ ഇനങ്ങള്‍ ഉപയോഗിക്കല്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു” എന്ന ഉത്തരവിറക്കിയത്. ഇനി ഇവ ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കില്‍ ഡ്യൂട്ടിയിലുള്ള ക്രൂ കണ്‍ട്രോളറെയും അദ്ദേഹം ചീഫ് ക്രൂ കണ്‍ട്രോളറെയും കാര്യകാരണസഹിതം രേഖാമൂലം അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രണ്ടാഴ്ച മുമ്പ് പ്രമേഹത്തിന്റെയും ബി.പിയുടെയും മരുന്നുകള്‍ കഴിക്കുന്നത് വിലക്കി മെഡിക്കല്‍ വിഭാഗം മറ്റൊരു ഉത്തരവു ഇറക്കിയിരുന്നു. ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകളുടെ ഉപയോഗം റെയില്‍വേ മെഡിക്കല്‍ ഓഫിസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രം വേണമെന്നാണ് നിര്‍ദേശം. മാത്രമല്ല, ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാതെ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യം കണ്ടെത്തുന്നത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് സമാനമായി കണ്ട് നടപടിയെടുക്കുമെന്ന ഭീഷണിയും ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ഇറക്കിയ ഉത്തരവിലുണ്ട്. അതേസമയം, ചക്കപ്പഴം കഴിച്ച് ഡ്യൂട്ടിക്ക് കയറിയാലും ഊതുമ്പോള്‍ ബീപ് അടിക്കുകയാണെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































