വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് പി സിയുടെ കീഴടങ്ങല്‍. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി സി ജോര്‍ജ് കോടതിയിലെത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോര്‍ജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താന്‍ കീഴടങ്ങാനാണ് വന്നതെന്നും ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോര്‍ജിന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല. പോലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, പോലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോര്‍ജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
2025 ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.