ബുക്ക് മൈ ഷോയില്‍ നോക്കുമ്പോള്‍ ഹൗസ് ഫുള്‍, തിയേറ്ററില്‍ ഒരാള്‍ പോലുമില്ല! സൈബര്‍ പോലീസ് ആ തട്ടിപ്പ് പിടിച്ചു

കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങില്‍ തട്ടിപ്പ് നടത്തി സിനിമാ തിയേറ്റര്‍ കാലിയാക്കുകയും അരലക്ഷം രൂപ നഷ്ടംവരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മറ്റൊരു തിയേറ്റര്‍ ഉടമയുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വിജിഎം തിയേറ്റര്‍ ഉടമ പി കെ ഹരീഷിനെതിരെയാണ് കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റര്‍ ഉടമ രാജ്കുമാറാണ് പരാതിക്കാരന്‍.
Also Read; ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം
രേഖാചിത്രം എന്ന സിനിമയുടെ രണ്ടു ഷോ മുടങ്ങിയതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ പരാതി നല്‍കിയത്. സീറ്റ് ബുക്ക് ചെയ്തശേഷം ഒന്‍പത് മിനിറ്റിനുള്ളിലേ പണമടയ്ക്കേണ്ടതുള്ളൂ. ഒന്‍പതാം മിനിറ്റിന് തൊട്ട് മുന്‍പ് ബുക്ക് ചെയ്തത് മുഴുവന്‍ റദ്ദാക്കും. ഉടന്‍ വീണ്ടും ബുക്ക് ചെയ്യും. ഇങ്ങനെ ഓരോ ഒന്‍പത് മിനിറ്റിലും സീറ്റുകള്‍ ബുക്ക് ചെയ്ത്കൊണ്ടേയിരുന്നു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ ബുക്ക് മൈ ഷോ ആപ്ലിക്കേഷന്‍ തുറന്നാല്‍ എല്ലാ സീറ്റുകളിലും ബുക്ക് ചെയ്തതായി കാണും. തിയേറ്ററിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വിതരണം ചെയ്യാന്‍ നോക്കുമ്പോള്‍, ഒരു സീറ്റ് പോലും ബാക്കിയില്ലാതെ എല്ലാം ബുക്ക് ചെയ്തിരിക്കും. സിനിമ തുടങ്ങിയപ്പോള്‍ ഒരാള്‍ പോലുമെത്തിയില്ല.
ബുക്ക് മൈ ഷോ ആപ്പില്‍ നോക്കിയപ്പോള്‍ മുഴുവന്‍ ടിക്കറ്റുകളും റദ്ദാക്കിയതായി കാണുകയും ചെയ്തു. മോണിങ് ഷോയും മാറ്റ്നിയുമാണ് മുടങ്ങിയത്. ആപ്ലിക്കേഷനില്‍ സാങ്കേതികത്തകരാര്‍ സംഭവിച്ചതായിരിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. ഇത്രയും പേര്‍ ഒരുമിച്ച് ബുക്കിംഗ് റദ്ദാക്കിയതില്‍ സംശയം തോന്നിയപ്പോള്‍ രാജ്കുമാര്‍ പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ ആരാണ് ബള്‍ക്ക് ബുക്കിംഗ് ചെയ്ത് റദ്ദാക്കിയതെന്ന് പോലീസ് കണ്ടെത്തി. വിജിഎം തിയേറ്ററില്‍ രേഖാചിത്രം നന്നായി ഓടുന്നതിനിടെയാണ് ദീപ്തി തിയേറ്ററിനും ഈ സിനിമ ലഭിച്ചത്. ഇതിലുള്ള പ്രതിഷേധമാണ് ഈ വിധത്തിലുള്ള തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..