‘മനസാക്ഷി ഉള്ളവര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും’, കെ എന്‍ ഗോപിനാഥ് ആശവര്‍ക്കര്‍മാരെ അധിക്ഷേപിച്ചതിന് മറുപടിയുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എന്‍ ഗോപിനാഥിന്റെ ‘ഉമ്മ കൊടുത്തോ’ പരാമര്‍ശത്തെ വിമര്‍ശിച്ചും വടകര എം പി ഷാഫി പറമ്പില്‍ രംഗത്ത്. മനസാക്ഷി ഉള്ളവര്‍ക്ക് ആശാ വര്‍ക്കര്‍മാര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും. കാരണം ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വര്‍ക്കര്‍മാരെന്നും ഷാഫി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്ന സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥിന്റെ അധിക്ഷേപത്തിനായിരുന്നു ഷാഫിയുടെ മറുപടി.
കൂടാതെ ആശ വര്‍ക്കര്‍മാര്‍ ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് ചോദിച്ചില്ലെന്നും ദിവസവും കഞ്ഞി കുടിച്ച് പോകാനുള്ള തുക മാത്രമാണ് ചോദിച്ചതെന്നും അത് ഏറ്റവും ന്യായമായ കാര്യമാണെന്നും ഷാഫി അഭിപ്രായപ്പെട്ടു. വീണ ജോര്‍ജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്, അനാരോഗ്യ മന്ത്രിയല്ല എന്നോര്‍മിപ്പിക്കുന്നുവെന്നും വടകര എം പി കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..