തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകം; ക്വട്ടേഷന്‍ ഏറ്റെടുത്തത് ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണി

തൊടുപുഴ: തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മുഹമ്മദ് അസ്ലം ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ്. 14 കിലോ കഞ്ചാവുമായി മുമ്പ് മുഹമ്മദ് അസ്ലമിനെ വരാപ്പുഴ പോലീസ് പിടികൂടിയിരുന്നു. ഒരാഴ്ചയായി ക്വട്ടേഷന്‍ സംഘം ഇടുക്കിയില്‍ തമ്പടിച്ചിരുന്നു. ബിജു വീട്ടില്‍ വരുന്നതും പോകുന്നതുമുള്‍പ്പെടെ സംഘം നിരീക്ഷിച്ച് വ്യക്തമായ ഗൂഢാലോചനയോടെയാണ് പദ്ധതി തയ്യാറാക്കിയത്. അഞ്ച് ലക്ഷം രൂപയ്ക്കാണ് ജോമോന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ 12000 രൂപ അഡ്വാന്‍സായി ഗൂഗിള്‍ പേ വഴി നല്‍കി.
ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം പുരോഗമിക്കവെ പോലീസ് പിടികൂടിയ കാപ്പ കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കലയന്താനിയിലെ ഗോഡൗണിലേക്ക് പോലീസിന്റെ അന്വേഷണം ചെന്നെത്തിയത്. പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണില്‍ നിന്ന് പോലീസ് മൃതദേഹം കണ്ടെത്തിയതും അത് ബിജുവിന്റേതാണെന്ന് സ്ഥിരീകരിച്ചതും.
കാലങ്ങളായി പാര്‍ട്ണര്‍മാരായിരുന്ന ബിജുവും ജോമോനും തമ്മില്‍ ഷെയര്‍ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ ജോമോന്‍ ക്വട്ടേഷന്‍ നല്‍കുന്നത്. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ക്വട്ടേഷന്‍ സംഘം ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയുണ്ടായ മര്‍ദ്ദനത്തില്‍ ബിജു കൊല്ലപ്പെട്ടു. തുടര്‍ന്ന് ജോമോന്റെ ഉടമസ്ഥതയിലുള്ള കലയംതാനിയിലെ ഗോഡൗണിലെത്തിച്ച് മാന്‍ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..