#news #Top Four

ഐബി ജീവനക്കാരിയുടെ മരണം: സാമ്പത്തിക ചൂഷണം നടന്നതായി പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയുടെ മരണത്തില്‍ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് മധുസൂദനന്‍. ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് മധുസൂദനന്‍ ആരോപിക്കുന്നു. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

Also Read; നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

മകളുടെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാര്‍ഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തതിനാല്‍ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാള്‍ കുറച്ച് പണം നല്‍കുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ നിന്നും വ്യക്തമാകുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി സുകാന്തിനെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുള്ളത്.

ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. മകള്‍ക്ക് വാങ്ങി നല്‍കിയ കാര്‍ എറണാകുളം ടോള്‍ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാര്‍ മോഷണം പോയതാണെന്ന ധാരണയില്‍ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകള്‍ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനന്‍ വിശദമാക്കുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ മാര്‍ച്ച് 24നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. അതിന്റെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് വിശദമാക്കിയിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *