October 16, 2025
#news

‘താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുത്’; ഗെസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

കൊച്ചി: എറണാകുളത്തെ ഗെസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്ന് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വഴി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഗെസ്റ്റ് ഹൗസ് വളപ്പില്‍ ഉണ്ടാവരുതെന്ന് സുരേഷ്‌ഗോപി നിര്‍ദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read; ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍, ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖകളുണ്ടാക്കി

കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമടക്കം കൊച്ചിയില്‍ എത്തുമ്പോള്‍ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്താറുമുണ്ട്. ശനിയാഴ്ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും മിണ്ടാതെ അദ്ദേഹം മുറിയിലേക്കു പോവുകയായിരുന്നു. ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗെസ്റ്റ് ഹൗസിന്റെ ലോബിയില്‍നിന്നു പുറത്താക്കണമെന്ന് സുരേഷ്‌ഗോപി ഗണ്‍മാന്‍ വഴി റിസപ്ഷനിസ്റ്റിനെ അറിയിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വെള്ളിയാഴ്ച, ജബല്‍പുരില്‍ വൈദികരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്. ”നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍.” എന്നായിരുന്നു സുരേഷ് ഗോപി അന്ന് പ്രതികരിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *