സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കുക. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചില്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് ഇന്നലെ സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിക്കുകയായിരുന്നു. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. തമിഴ്നാട് കേസിലെ ഉത്തരവില്‍ തന്നെയായിരുന്നു രാഷ്ട്രപതിക്കും സുപ്രീംകോടതി സമയപരിധി നിര്‍ദേശിച്ചത്.