ഷൈനിനെ തേടി തമിഴ്‌നാട്ടിലേക്ക് പോകേണ്ട കാര്യമില്ല; ഇന്ന് വീട്ടിലെത്തി പോലീസ് നോട്ടീസ് നല്‍കും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പോലീസ് ഇന്ന് നോട്ടീസ് നല്‍കും. ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടീസ് നല്‍കുക. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടും. ടവര്‍ ലൊക്കേഷന്‍ പ്രകാരം ഷൈന്‍ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയില്‍ എത്തിയതായാണ് വിവരം. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാല്‍ ഷൈനിനായി തമിഴ്‌നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് കൊച്ചി സിറ്റി പോലീസിന്റെ നിലപാട്.
Also Read; ആശാ സമരം 68ാം ദിവസവും തുടരുന്നു; ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍
നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരില്‍ ഡാന്‍സാഫ് സംഘം എത്തിയത്. ഇയാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയിലുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാന്‍സാഫ് സംഘം അകത്തുകയറിയത്. റൂം സര്‍വീസെന്ന് പറഞ്ഞാണ് ഡാന്‍സാഫ് ടീം റൂമില്‍ ബെല്ലടിച്ചത്. ഇവിടെ സര്‍വീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈന്‍ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ഇതില്‍ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണത്തില്‍ നടി വിന്‍ സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാനുള്ള നീക്കം എക്‌സൈസ് ഉപേക്ഷിച്ചു. വിന്‍ സിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും എക്‌സൈസ് വ്യക്തമാക്കി.
ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലൂടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…