ഫ്രാന്‍സിസ് മാര്‍പാപ്പ വിട പറഞ്ഞു
വത്തിക്കാന്‍: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ മാര്‍പാപ്പയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്. കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിടുന്നതിന് മുമ്പ് ജമേലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികില്‍ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ‘ഫ്രാന്‍സിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































