ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകള്‍ സമാഹരിക്കാന്‍ ഇനിയും പോലീസിന് കഴിയാത്തതാണ് തിരിച്ചടിയാകുമോ എന്ന ആശങ്കക്ക് കാരണം. കൂടാതെ ഫോറന്‍സിക് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ പോലീസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണ്. മതിയായ തെളിവുകള്‍ ഇല്ലാതെ തിടുക്കത്തില്‍ എടുത്ത കേസ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയും അന്വേഷണസംഘത്തിനുണ്ട്. ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം, ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ നടി വിന്‍സി അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈന്‍ ടോം ചാക്കോ വിന്‍സിയോട് ക്ഷമാപണം നടത്തി. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കി. ബോധപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈന്‍ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇന്റേണല്‍ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിന്‍സിയും യോഗത്തില്‍ നിലപാടെടുത്തു. പോലീസില്‍ പരാതി നല്‍കാന്‍ ഇല്ല എന്ന നിലപാട് ഇന്റേണല്‍ കമ്മിറ്റി യോഗത്തിലും വിന്‍സി ആവര്‍ത്തിച്ചു. ഇതോടെ, ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആലോചന നടക്കുന്നുണ്ട്. തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് ഫിലിം ചേംബറും അമ്മയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്റേണല്‍ കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.