ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവെപ്പ്; ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ലെന്നും വെടിവെപ്പിനെ ശക്തമായി നേരിട്ടെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരു അയല്‍ക്കാര്‍ക്കും ഇടയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവെപ്പ് നടന്നത്. ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികള്‍ക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പാകിസ്ഥാന്റെ തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ നടത്തിയ മറ്റ് ലംഘനങ്ങള്‍ക്ക് പുറമെ, കരാറില്‍ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാര്‍ തല്‍ക്ഷണം മരവിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് അറിയിപ്പ്.