കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയില്‍, മെഡിക്കല്‍ ബോര്‍ഡിനെതിരെ കുടുംബം

തിരുവനന്തപുരം: കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെതിരെ യുവതിയുടെ കുടുംബം. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കുടുംബം ആരോപിച്ചു. നീതി കിട്ടുമെന്ന പ്രതീക്ഷകളില്ലാതെയായി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ആശുപത്രി ഉടമകള്‍ക്കെതിരെ നടപടി എടുത്തില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആശുപത്രി ഉടമകള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
Also Read; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായത്. സംഭവത്തില്‍, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ക്ലിനികിന്റെ ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ലൈസന്‍സ് നല്‍കിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നീതുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതി, ആഴ്ചകളായി ദുരിത ജീവിതം നയിക്കുകയാണ്. അമിതമായ അളവില്‍ കൊഴുപ്പ് നീക്കിയതിനാല്‍ രക്തകുഴലുകളുടെ പ്രവര്‍ത്തനം തകരാറിലായി. യുവതിയുടെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റുകയും ചെയ്തു.
ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം കഴക്കൂട്ടം പോലീസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെ മെയ് അഞ്ചിനാണ് ആശുപത്രിക്ക് ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ നല്‍കിയത്. അതേസമയം സംഭവത്തില്‍ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നു. രോഗിക്ക് സംഭവിച്ചത് അത്യപൂര്‍വ്വമായി ഉണ്ടാകാവുന്ന മെഡിക്കല്‍ സങ്കീര്‍ണതയാണെന്നും, ചികിത്സാ പിഴവ് സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടില്ലെന്നും ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ ശ്രീജിത്ത് ആര്‍, സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാര്‍ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയിലെ വിശദീകരണം.