ഇസ്രയേല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

ടെഹ്റാന്‍: കഴിഞ്ഞ മൂന്നുദിവസമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ജൂണ്‍ 13 മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Also Read; വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കഴിഞ്ഞ ദിവസം മധ്യ-വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഇറാന്‍ ഇസ്രയേലില്‍ ഇതുവരെ 270-ലധികം മിസൈലുകള്‍ പ്രയോഗിച്ചു. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി.
ഇസ്രയേലിലെ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ ഇറാന്‍ കുറ്റപ്പെടുത്തി. അമേരിക്ക ശത്രുതാപരമായ നിലപാട് തുടര്‍ന്നാല്‍ ഇറാന്റെ പ്രതികരണം കൂടുതല്‍ കടുത്തതായിരിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷേ ക്സിയാന്‍ പറഞ്ഞു.