കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി. ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജിയാണ് കുടുംബകോടതി തിങ്കളാഴ്ച തീര്‍പ്പാക്കിയത്. 2021-ല്‍ നല്‍കിയ ഹര്‍ജി, എതിര്‍ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീര്‍പ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.
തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താന്‍ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. കൂടത്തായിയില്‍ 2002 മുതല്‍ 2016 വരെയുളള വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നല്‍കിയിരുന്നു.
റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനുശേഷമാണ് 2017ല്‍ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നല്‍കി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പോലീസ് കണ്ടെത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…