#news #Top Four

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് സര്‍ക്കാര്‍ ജോലിയും നല്‍കും

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കൂടാതെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. വീടുനിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം തീരുമാനിച്ചിരുന്നു. ബിന്ദുവിന്റെ മകന്‍ നവനീതിന് ദേവസ്വം ബോര്‍ഡിലാണ് ജോലി നല്‍കുക. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് കുടുംബത്തിനുള്ള സാമ്പത്തിക സഹായം നല്‍കുക.

Also Read; മുന്‍മാനേജറെ മര്‍ദ്ദിച്ചെന്ന കേസ്; നടന്‍ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്ത് പോലീസ്

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. ചാണ്ടി ഉമ്മന്‍ ഫൗണ്ടേഷന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം നല്‍കിയത്. ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയും രംഗത്തെത്തിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *