October 25, 2025
#kerala #Top Four

ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ നാടകം, എം കെ സ്റ്റാലിനോ ഉദയനിധി സ്റ്റാലിനോ എത്തിയാല്‍ തടയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകന്‍ ഉദയനിധിയോ എത്തിയാല്‍ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്റ്റാലിന്റെ മകന്‍ ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ വ്യക്തിയാണ്. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ലെന്ന് എക്സില്‍ കുറിച്ച പോസ്റ്റില്‍ രാജീവ് പറയുന്നു.

Also Read: ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും അടിച്ച് തകര്‍ത്തു

അയ്യപ്പ ഭക്തരെ ജയിലില്‍ അടച്ച ഇടത് സര്‍ക്കാരിന്റെ കിരാത നടപടി വിശ്വാസികള്‍ മറന്നിട്ടില്ലെന്നും ആചാരങ്ങള്‍ ലംഘിക്കുവാന്‍ ബോധപൂര്‍വ്വം കേരള സര്‍ക്കാര്‍ ശ്രമം നടത്തിയെന്നും പോസ്റ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഐഎം സര്‍ക്കാര്‍ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗവുമാണ്.

ഒരു ഇന്ത്യക്കാരന്റെയും വിശ്വാസത്തെ അപമാനിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ടാണ് കഴിഞ്ഞദിവസം ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ക്ഷണിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20-ന് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യാതിഥിയായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചിരിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *