ദേവന് നേദിക്കുന്നതിന് മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പി, ആചാര ലംഘനമെന്ന് തന്ത്രി
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കുന്നതിന് മുന്‍പ് ദേവസ്വം മന്ത്രിയ്ക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് തന്ത്രി. സെപ്തംബര്‍ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യ നടന്ന ദിവസം ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ശ്രീകോവിലില്‍ ഉച്ചപൂജയ്ക്ക് ഭഗവാന് നേദിക്കുന്നതിന് മുന്‍പ് ആനക്കൊട്ടിലിലെ പ്രത്യേക സ്ഥലത്ത് മന്ത്രി വിളക്ക് കൊളുത്തുകയും തുടര്‍ന്ന് അവിടെ ഭഗവാനു സദ്യ വിളമ്പുകയും ചെയ്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഈ ആചാര ലംഘനത്തിന് ബന്ധപ്പെട്ടവര്‍ പരസ്യ പരിഹാരം വേണമെന്ന് ചൂണ്ടികാട്ടി തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലം (മേമന) പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ദേവസ്വം കമ്മിഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, പള്ളിയോട സേവാ സംഘം, ഉപദേശകസമിതി എന്നിവര്‍ക്ക് തന്ത്രി കത്ത് നല്‍കി.
പരിഹാരക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ മുഴുവന്‍ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുന്‍പില്‍ ഉരുളിവച്ച് എണ്ണാപ്പണം (സമ്പാദ്യത്തിലെ വിഹിതം എണ്ണാതെ) സമര്‍പ്പിക്കണം. ഇതിനുപുറമേ ഇനി തെറ്റു വരുത്തില്ലെന്നും വിധിപ്രകാരം സദ്യ നടത്തിക്കൊള്ളാമെന്നും സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തില്‍ ആവശ്യപ്പെടുന്നു.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































