November 8, 2025
#Career #Top Four

ഒരു ലക്ഷം വരെ ശമ്പളം, കമ്മീഷന്‍ഡ് ഓഫീസറാകാം, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വന്‍ അവസരങ്ങള്‍

ഇന്ത്യന്‍ എയര്‍ഫോഴ്സ് (IAF) 2026ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. NCC സ്‌പെഷ്യല്‍ എന്‍ട്രി വഴിയും ഫ്‌ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും.
കമ്മീഷന്‍ഡ് ഓഫീസര്‍ ആയി സേനയില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്‌ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ റിക്രൂട്ട്‌മെന്റില്‍ അപേക്ഷിക്കാനാകൂ. എ എഫ് സി എ ടി 01/2026 & എന്‍ സി സി സ്‌പെഷ്യല്‍ എന്‍ട്രി എന്നി സ്‌കീമുകള്‍ വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. നിയമനവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. പൂര്‍ണ്ണ വിജ്ഞാപനത്തില്‍ വിശദമായ പരീക്ഷാ രീതിയും തെരഞ്ഞെടുപ്പ് ഘട്ടങ്ങളും പ്രസിദ്ധീകരിക്കും. AFCATനിയമനത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് സാധാരണമായി പാലിക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളേക്കാള്‍ വ്യത്യസ്തമായ രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. എയര്‍ഫോഴ്സ് ട്രെയിനിംഗിന് ശേഷം ഫ്‌ലയിങ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ ശരാശരി 85,000 മുതല്‍ ?1,00,000 വരെ പ്രതിമാസ വേതനം ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://indianairforce.nic.in/.

അപേക്ഷിക്കാനുള്ള യോഗ്യത

ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍-ടെക്‌നിക്കല്‍) വിഭാഗം: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) വിഭാഗം: നിര്‍ദ്ദിഷ്ട എന്‍ജിനിയറിങ് വിഷയങ്ങളില്‍ B.E. / B.Tech ബിരുദം ആവശ്യമുണ്ട്.

ഫ്‌ലൈയിംഗ് ബ്രാഞ്ച്: അപേക്ഷകര്‍ പ്ലസ് ടു തലം (10+2) ഫിസിക്‌സും മാത്തമാറ്റിക്ക്‌സും വിഷയങ്ങളായി പാസായിരിക്കണം. അതിനൊപ്പം അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം.

ഫ്‌ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള പ്രായപരിധി

അപേക്ഷകര്‍ക്ക് 20 മുതല്‍ 24 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.

2003 ജനുവരി 2 മുതല്‍ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം

സി പി എല്‍ (Commercial Pilot License) ഉള്ളവര്‍ക്ക് ഇളവ്: DGCA (ഇന്ത്യ) പുറത്തിറക്കിയ നിലവിലുള്ള സാധുവായ കോമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി പ്രായപരിധി 26 വയസ്സ് വരെ.  അതായത്, 2001 ജനുവരി 2 മുതല്‍ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

 

 

 

 

 

Leave a comment

Your email address will not be published. Required fields are marked *