ശബരിമലയില്‍ വന്‍ തിരക്ക്; പതിനെട്ടാംപടി ചവിട്ടാനാകാതെ ഭക്തര്‍, നിരവധി പേര്‍ കുഴഞ്ഞുവീണു
ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂനിന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തര്‍ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി. പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്.
തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിടുന്നുണ്ട്. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല. തിരക്കില്‍ കുടിവെള്ളം പോലും കിട്ടാതായതോടെ ഭക്തര്‍ കുഴഞ്ഞുവീണു. സംസ്ഥാന ആവശ്യപ്പെട്ട കേന്ദ്രസേന എത്താന്‍ രണ്ടുദിവസം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. മുന്നൊരുക്കങ്ങളുടെ അപര്യാപ്തത കൊണ്ടാണ് തിരക്ക് നിയന്ത്രണാതീതമായതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ സമ്മതിച്ചു.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































