January 12, 2026
#kerala #Top Four #Top News

തൃപ്പൂണിത്തുറയില്‍ ബി ജെ പി സ്ഥാനാര്‍ഥിയാകാന്‍ മേജര്‍ രവി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സംവിധാകനും നടനുമായ മേജര്‍ രവി ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കും. കലാ സാംസ്‌കാരിക കേന്ദ്ര പ്രദേശമായ തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ നേതാവ് എന്ന നിലയിലുള്ള ആളെ അവതരിപ്പിക്കുന്നതിനേക്കാള്‍ മുന്നേറ്റം ബിജെപി സഹയാത്രികനായ മേജര്‍ രവിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നേടാനാകുമെന്നാണ് വിലിരുത്തല്‍.

കലാ സാംസ്‌കാരിക രംഗത്ത് നില്‍ക്കുന്നവരുടെ വോട്ടുകള്‍ ഇതുവഴി സമാഹരിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം ചരിത്രത്തിലാദ്യമായി ബിജെപി നേടിയിരുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ കയ്യിലുള്ള മണ്ഡലത്തില്‍ എല്‍ഡിഎഫും ഏറെ പ്രതീക്ഷവെക്കുന്നുണ്ട്. 2016ല്‍ കെ ബാബുവിനെ സിപിഐഎം നേതാവ് എം സ്വരാജ് തോല്‍പിച്ചിരുന്നു. എന്നാല്‍ 2021ല്‍ വീണ്ടും കെ ബാബു സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. അന്ന് കെ എസ് രാധാകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

ഇത്തവണ കെ ബാബു മത്സരത്തിനില്ലെന്ന് അറിയിച്ചതിന് പിന്നാലെ നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ രമേഷ് പിഷാരടിയുടെ പേരും മത്സരരംഗത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രാജു പി നായര്‍, കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു എന്നിവരുടെ പേരും ഉയര്‍ന്നിരുന്നു. എല്‍ഡിഎഫില്‍ മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്, മുന്‍ മേയറും സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനില്‍ കുമാറിന്റെ പേരുമാണ് സജീവമായിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *