മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ് ; പരാതി നല്‍കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ നിര്‍ണായകമായ ഈ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതില്‍ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ കെഎസ്ആര്‍ടിസി എംഡിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നല്‍കിയത്. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് കാണാതായതില്‍ കേസ് എടുത്തിരിക്കുന്നത്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. എന്നാല്‍ പരിശോധനയ്ക്ക് എത്തിച്ച ബസില്‍ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹത വര്‍ധിപ്പിച്ചു.
മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ ആക്രമണം, ഔദ്യോഗിക ഫോണ്‍ നമ്പറിലെ വാട്‌സാപ്പില്‍ അയച്ച അശ്ലീല സന്ദേശം എന്നിവയ്‌ക്കെതിരെയാണ് പൊലീസ് കേസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലും കേസെടുക്കാന്‍ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം