സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട പകരം ഭരണഘടന മതി….. സ്പീക്കര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ കത്ത്

ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ചെങ്കോല്‍ നീക്കി പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി. സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓംബിര്‍ളക്ക് കത്ത് നല്‍കിയത്.ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് ബിജെപി ആരോപണം.
‘രാജ്യത്ത് ജനാധിപത്യത്തിന്റെ അടയാളമാണ് ഭരണഘടന. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു സ്പീക്കര്‍ ചേംബറിനോട് ചേര്‍ന്ന് ചെങ്കോല്‍ സ്ഥാപിച്ചത്. അധികാരം എന്നാണ് തമിഴ് പദമായ ചെങ്കോലിന്റെ അര്‍ത്ഥം. രാജാവിന്റെ വടിയാണ് രാജദണ്ഡ്. രാജഭരണകാലത്ത് നിന്നും നമ്മള്‍ സ്വതന്ത്രരായി. ഇന്ന്, രാജ്യത്തെ സര്‍ക്കാരിനെ തീരുമാനിക്കുന്നത് പൗരന്മാരാണ്. അവിടെ ഭരണഘടനയാണോ അംശവടിയാണോ രാജ്യത്തെ നയിക്കുന്നത്?’ ആര്‍ കെ ചൗധരി ചോദിക്കുന്നു.
Join with metropost : https://chat.whatsapp.com/HjcUlifzcenEq2uVJiVTRN
ചൗധരിയെ പിന്തുണച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തി. ചെങ്കോല്‍ രാജാധികാരത്തെ സൂചിപ്പിക്കുന്നതാണെന്നും ആ യുഗം അവസാനിച്ചെന്നും കോണ്‍ഗ്രസ് എംപി മണിക്കം ടാഗോര്‍ പറഞ്ഞു. ചെങ്കോല്‍ ലോക്സഭയില്‍ നിന്നും നീക്കണമെന്ന് ആര് ആവശ്യപ്പെട്ടാലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന ആര്‍ജെഡി എംപിയും ലാലു പ്രസാദിന്റെ മകളുമായ മിസ ഭാരതി പറഞ്ഞു.