ഒളിമ്പിക്സ്: ഹോക്കിയിലും ബാഡ്മിന്റണിലും ജയം

പാരീസ്: ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ക്ക് ചൂടുപിടിച്ചപ്പോള്‍ ആദ്യ ദിനം മെഡലില്ലെങ്കിലും മോശമാക്കാതെ ഇന്ത്യ. പുരഷ ഹോക്കിയിലും ബാഡ്മിന്റണ്‍ സിംഗ്ള്‍സ്, ഡബ്ള്‍സ് വിഭാഗങ്ങളിലും ജയം കണ്ടപ്പോള്‍ ഷൂട്ടിങ്ങില്‍ സമ്മിശ്ര പ്രകടനമായിരുന്നു ഇന്ത്യയുടെത്. ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. ഷൂട്ടിങ് 10 മീറ്റര്‍ മിക്സഡ് റൈഫിളിലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. എന്നാല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭകര്‍ ഫൈനലിലെത്തി. 580 സ്‌കോറുമായി മൂന്നാമതെത്തിയാണ് ഹരിയാനക്കാരിയായ മനു ഫൈനലിലേക്ക് കുതിച്ചത്. പാരിസിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ മിക്‌സഡ് റൈഫിളില്‍ ഹുയാങ് യൂറ്റിങ്- ഷെങ് ലിഹാവൊ ജോടിക്കാണ് മഞ്ഞപ്പതക്കം.
Also Read ;കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖംമൂടി ധരിച്ചെത്തി ആക്രമണം ; പ്രതി രക്ഷപ്പെട്ടു
ബാഡ്മിന്റണ്‍ പുരുഷ സിംഗ്ള്‍സില്‍ ലക്ഷ്യ സെന്‍ 21-8, 22-20 സ്‌കോറിന് ഗ്വാട്ടമാലയുടെ കെവിന്‍ കോര്‍ഡനെയും ഡബ്ള്‍സില്‍ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം 21- 17, 21-14ന് ഫ്രാന്‍സിന്റെ ലൂകാസ് കോര്‍വീ-റൊണാന്‍ ലബാര്‍ കൂട്ടുകെട്ടിനെയും തോല്‍പിച്ചു. ബാഡ്മിന്റണ്‍, ഷൂട്ടിങ്, തുഴച്ചില്‍, ടേബ്ള്‍ ടെന്നിസ്, നീന്തല്‍, അമ്പെയ്ത് ഇനങ്ങളില്‍ ഞായറാഴ്ച ഇന്ത്യക്ക് മത്സരമുണ്ട്. തുടര്‍ച്ചയായ മൂന്നാം മെഡല്‍ തേടി വനിത ബാഡ്മിന്റ്ണില്‍ പി.വി. സിന്ധു ഇന്നിറങ്ങും.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ അവസാനിച്ചത്. ഫ്രാന്‍സിന്റെ സാംസ്‌കാരിക വൈവിധ്യവും വിപ്ലവചൈതന്യവും കരകൗശല, വാസ്തുവിദ്യാ പൈതൃകവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങ്. 205 രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളും ഒരു അഭയാര്‍ഥി സംഘവും കനത്ത മഴയെ അവഗണിച്ച് സെന്‍ നദിയില്‍ ബോട്ടുകളില്‍ യാത്ര ചെയ്ത ‘പരേഡ് ഓഫ് നേഷന്‍സ് വ്യത്യസ്തമായ ചടങ്ങായി. പ്രമുഖരായ ഫ്രഞ്ച് വനിതകളെ ഓര്‍മിച്ച ‘സാഹോദര്യം’ എന്ന തലക്കെട്ടിലുള്ള ഒരു ചടങ്ങിന് ഉപയോഗിച്ച ഇന്‍ഫോഗ്രാഫിക്‌സസിലെ ആറ് ഭാഷകളില്‍ ഒന്ന് ഹിന്ദിയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം