ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരും ചേര്‍ന്ന് 100 വീടുകള്‍ വീതം നിര്‍മിച്ചു നല്‍കും
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വീട് നഷ്ടപ്പെട്ട 100 പേര്‍ക്കാണ് രാഹുല്‍ ഗാന്ധി വീട് നിര്‍മിച്ച് നല്‍കുക. മുന്‍ വയനാട് എം പിയായ രാഹുല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വഴിയാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം പങ്കുവെച്ചത്.
അതേ സമയം തന്നെ ദുരന്തത്തില്‍ വീട് നഷ്ട്ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ കര്‍ണാടക സര്‍ക്കാരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ ശോഭ റിയാലിറ്റി ഗ്രൂപ്പും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായുമായ ബിസിനസ് ഗ്രൂപ്പുകളും അമ്പത് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഒട്ടേറെ വ്യക്തികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..