#india #International #Top Four

VIDEO:ഷെയ്ഖ് ഹസീന ഇന്ത്യയില്‍; ബംഗ്ലാദേശില്‍ ഇനി പട്ടാള ഭരണം, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനൊരുക്കി സൈനിക മേധാവി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനിക വിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.35നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേന ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76കാരിയായ ഹസീന രാജ്യം വിട്ടത്. ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെ സലിമുള്ള ഖാനും ആസിഫ് നസ്റുളും നയിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുട പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി. ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് അടുക്കുന്ന സി 130 വിമാനത്തെ നിരീക്ഷിച്ചു തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയെ ലക്ഷ്യമാക്കിയാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്.വൈകീട്ട് അഞ്ചുമണിക്കും 5.15നുമിടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിമാനം പട്നയ്ക്ക് മുകളിലെത്തിയതും യു പി അതിര്‍ത്തി കടന്ന് പറന്നതുമെല്ലാം സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് രാജ്യവ്യാപകമായസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വഴിവെച്ചതും ഷെയ്ഖ് ഹസീനയെ രാജിയിലേക്ക് നയിച്ചതും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *