വയനാട് ഉരുൾപൊട്ടൽ; 12 അംഗ തിരച്ചിൽ സംഘവുമായി സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടത്തുന്ന തിരച്ചില്‍ ഇന്നും തുടരും. ചാലിയാര്‍ തീരത്തെ സണ്‍റൈസ് വാലിയിലെ തിരച്ചിലാണ് ഇന്നും തുടരുന്നത്. കല്‍പ്പറ്റ എസ്‌കെഎംജി എച്ച്എസ്എസ് മൈതാനത്ത് നിന്ന് ആദ്യത്തെ സംഘവുമായി സണ്‍റൈസ് വാലിയിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെട്ടു. ആറംഗ സംഘവുമാണ് ആദ്യം പുറപ്പെട്ടത്. സംഘത്തോടൊപ്പം തിരച്ചിലിന് കെഡാവര്‍ ഡോഗുമുണ്ട്.
സണ്‍റൈസ് വാലിയില്‍ ആര്‍മി ഡോഗ് മോനിയാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. 12 അംഗ സംഘമാണ് ഇന്ന് തിരച്ചില്‍ നടത്തുക. നാല് എസ്ഒജി കമാന്‍ഡര്‍, ആര്‍മിയുടെ ആറുപേരും, രണ്ട് ഫോറസ്റ്റ് ഓഫീസര്‍മാരുമാണ് സംഘത്തിലുണ്ടാവുക. ആദ്യ സംഘത്തില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആര്‍മി ഉദ്യോഗസ്ഥരുമാണ് പോയിരിക്കുന്നത്. എസ്ഒജി ഉദ്യോഗസ്ഥരാണ് ഇനി പോകാനുള്ളത്. ഇന്ന് സണ്‍റൈസ് വാലിയിലെ കൂടുതല്‍ മേഖലകളില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം.
ഇന്നലെ മൂന്ന് കിലോമീറ്റര്‍ ആണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. സണ്‍റൈസ് വാലിയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി തിരച്ചിലിന് പോയ സംഘം പറഞ്ഞു. ഇന്നലെ തിരച്ചിലിനുപോയ ആര്‍മി സംഘമല്ല ഇന്ന്. സംഘം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടത്തെ സാഹചര്യങ്ങളെ കുറിച്ചും എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..