December 21, 2024
#kerala #Top News

ബസില്‍ പാട്ട് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം ; നെടുമങ്ങാട് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. വിവാഹത്തിനെത്തിയ വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫൈസല്‍, ഷാഹിദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഘര്‍ഷത്തില്‍ ഒന്നര വയസുള്ള കുഞ്ഞും ദമ്പതിമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Also Read ; മണിപ്പൂര്‍ സംഘര്‍ഷം; ജിരിബാമില്‍ ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബസ്സില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇതുസംബന്ധിച്ച് വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി. ആന്‍സി (30), ഭര്‍ത്താവ് ഷെഫീഖ്, ഇവരുടെ ഒന്നരവയസ്സുള്ള മകന്‍ ഷെഫാന്‍ എന്നിവരെ കടയ്ക്കല്‍ സ്വദേശി ഫൈസല്‍, കല്ലറ സ്വദേശികളായ ഷാഹിദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ജലാലുദ്ദീന്‍, ഷാജി എന്നിവര്‍ ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് പരാതി.

സംഭവമറിഞ്ഞ് നെടുമങ്ങാട് സ്റ്റേഷനില്‍നിന്നും പ്രിന്‍സിപ്പല്‍ എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ പോലീസിന് നേരേയും കൈയേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന പ്രതികളായ ഫൈസലും ഷാഹിദും എസ്.ഐ.യോട് കയര്‍ത്ത് സംസാരിക്കുകയും പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ച സമയം എസ്.ഐ.യുമായി ബലപ്രയോഗം നടത്തുകയുമായിരുന്നു. ഇതിനിടെ എസ്.ഐ.യുടെ ഫോണ്‍ നിലത്തുവീണു പൊട്ടുകയും എസ്.ഐ.യ്ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. എസ്.ഐ. പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ അന്‍സിയെയും മകന്‍ ഷഫാനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിലും തലയ്ക്കും പരിക്കുള്ളതിനാല്‍ കുട്ടിയെ പിന്നീട് എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *