മദ്രസകള്‍ തല്ക്കാലം അടച്ചുപൂട്ടേണ്ട ; ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ബാലവകാശ കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികളും കോടതി സ്റ്റേ ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ഉത്തരവിനെയാണ് കോടതി സ്റ്റേ ചെയ്തത്. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
Also Read ; സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകള്‍ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ. മദ്രസകളില്‍ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കമ്മീഷന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചിരുന്നു. മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞെന്നും ബാലാവകാശ കമ്മീഷന് ആരോപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന് അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
മദ്രസകളെ കുറിച്ച് കമ്മീഷന് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന് വിലയിരുത്തല്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇസ്ലാമിക ആധിപത്യം ആണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങള്‍ക്ക് എതിരാണ്. ബീഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണ്. മദ്രസകളിലെ പുസ്തകങ്ങളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഉള്ളടക്കം ഉണ്ട്. പരിശീലനം കിട്ടാത്ത അദ്ധ്യാപകരാണ് മദ്രസകളിലുള്ളത്. യൂണിഫോം, പുസ്തകങ്ങള്‍, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങള്‍ മദ്രസകള്‍ ലംഘിക്കുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്ലിം ഇതര കുട്ടികളെയും മദ്രസകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. മുസ്ലിം കുട്ടികള്‍ക്ക് മറ്റു സ്കൂളുകളില്‍ നിന്ന് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നു എന്ന് ഉറപ്പാക്കണം എന്നീ നിര്‍ദേശങ്ങളാണ് കമ്മീഷന് പ്രധാനമായും മുന്നോട്ടുവെച്ചത്.




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































