ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുന്നു: പരിഹസിച്ച് മന്ത്രി റിയാസ്

പാലക്കാട്: കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കത്ത് വിവാദത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ് എന്ന് റിയാസ് പറഞ്ഞത്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാര്‍ട്ടിയില്‍ ഐക്യം ഇല്ലാത്തവരാണ് സര്‍ക്കാര്‍ പ്രശ്‌നമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. കൂടാതെ കത്ത് എയര്‍ ഇന്ത്യാ ഫ്‌ലൈറ്റില്‍ നിന്നും വീണതല്ലല്ലോയെന്നും റിയാസ് പരിഹസിച്ചു. ഒന്നുകില്‍ എഴുതിയവര്‍ അല്ലെങ്കില്‍ വാങ്ങിയവര്‍. അവരാണ് കത്ത് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് വോട്ട് മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടാതിരിക്കാനാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടതെന്നും റിയാസ് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തല്‍ തന്നെയാണ്. 2021 ല്‍ തുടര്‍ഭരണമുണ്ടാകുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചു. പാലക്കാട് ഞങ്ങള്‍ ഒന്നാമതെത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. യുഡിഎഫിനോടാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. പാലക്കാട് ബിജെപിയെ ഉയര്‍ത്തുന്നത് കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തേക്ക് മുമ്പും ആളുകള്‍ വന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകും. ഇനിയും ഏറെപ്പേര്‍ വരും, കാരണം അവര്‍ക്ക് കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ല. കോണ്‍ഗ്രസിലെ മതനിരപേക്ഷ മനസുകള്‍ ഇടതുപക്ഷത്തേക്ക് എത്തുമെന്നും’ റിയാസ് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..