ട്രംപിന്റെ വരവോടെ മസ്‌കിന്റെ ടെസ്ലയുടെ വിപണിമൂല്യം വര്‍ധിച്ചു ; ഒരുലക്ഷം കോടി ഡോളര്‍ കടന്നു
മുംബൈ: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനിയുടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടന്നു. അതായത് ഏകദേശം 84 ലക്ഷം കോടി രൂപ. മൂന്നുദിവസത്തിനിടെ 29 ശതമാനം വരെയാണ് വര്‍ധന. 2022 ഏപ്രിലിനുശേഷം ആദ്യമായാണ് ടെസ്ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടക്കുന്നത്.
ടെസ്ലയില്‍ 13 ശതമാനം ഓഹരികളാണ് മസ്‌കിനുള്ളത്. ഏകദേശം 13,000 കോടി ഡോളറാണ് ഇതിന്റെ മൂല്യം. മറ്റൊരു ഒന്‍പതുശതമാനം ഓഹരികള്‍ മസ്‌കിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം കോടതിയുടെ പരിഗണനയിലാണ്. ടെസ്ല ഓഹരിവിലയിലെ കുതിപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തികളുടെ മൂല്യം 30,000 കോടി ഡോളര്‍ (25.3 ലക്ഷം കോടി രൂപ) പിന്നിട്ടു. ഫോബ്സ്, ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഒന്നാമതുള്ളതും മസ്‌കാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അകമഴിഞ്ഞ പിന്തുണയാണ് ഇലോണ്‍ മസ്‌ക് നല്‍കിയത്. ഇതിന് പ്രത്യുപകാരമായി മസ്‌കിന് അനുകൂലമായി ടെസ്ലയുടെ ഡ്രൈവറില്ലാ വാഹനത്തിന് അനുമതി നല്‍കുന്നതില്‍ ട്രംപ് നടപടികളെടുക്കുമെന്ന പ്രതീക്ഷകളാണ് ടെസ്ല ഓഹരികളിലെ കുതിപ്പിനുപിന്നില്‍. കഴിഞ്ഞ ആഴ്ചമാത്രം ടെസ്ലയുടെ വിപണിമൂല്യത്തില്‍ 29 ശതമാനം വരുന്ന 23,000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. എസ്. ആന്‍ഡ് പി. 500 സൂചികയില്‍ ഒരുലക്ഷം കോടി ഡോളറിനു മുകളില്‍ ഏഴു കമ്പനികള്‍ മാത്രമാണുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..