ശബരിമല നട നാളെ തുറക്കും, ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി, തിരക്കേറിയാല്‍ ദര്‍ശന സമയം വര്‍ധിപ്പിക്കും
പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. 15 മുതല്‍ 29 വരെയുള്ള തീയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിങ് കഴിഞ്ഞു. 30ന് ഉച്ചയ്ക്ക് ശേഷമുള്ള ഏതാനും സ്ലോട്ടുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. എഴുപതിനായിരം പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി സമയക്രമം ലഭിക്കുന്നത്. അതേസമയം, പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട് ബുക്കിങ്ങിനുള്ള അവസരമുണ്ട്.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ ഏതെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവച്ചാല്‍ ബുക്കിങ് റദ്ദാക്കണം. അങ്ങനെ വരുമ്പോള്‍ സ്‌പോട് ബുക്കിങ്ങിലേക്ക് മാറും. റദ്ദാക്കിയില്ലെങ്കില്‍ പിന്നീട് ഇവര്‍ക്ക് അവസരം ലഭിക്കില്ല. സ്‌പോട് ബുക്കിങ്ങിന് ആധാറോ പകര്‍പ്പോ ഹാജരാക്കണം. ആധാറില്ലെങ്കില്‍ വോട്ടര്‍ ഐഡിയോ പാസ്‌പോര്‍ട്ടോ ഹാജരാക്കിയാല്‍ മാത്രമേ ബുക്കിങ് സാധ്യമാകൂ. ഇതിനായി പമ്പയില്‍ ഏഴ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ മൂന്നിടങ്ങളിലായി 8000 പേര്‍ക്കും പമ്പയില്‍ ഏഴായിരം പേര്‍ക്കും വിരി വയ്ക്കാന്‍ സൗകര്യമുണ്ട്.
Also Read; ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ സ്വാമി ചാറ്റ് ബോട്ട്
മണ്ഡല മകരവിളക്കുകാലത്ത് സന്നിധാനത്ത് തിരക്കു വര്‍ധിച്ചാല്‍ ദര്‍ശന സമയം അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് മണ്ഡലകാലത്തെ ദര്‍ശന സമയം.
അയ്യപ്പ സന്നിധിയിലെ പുതിയ മേല്‍ശാന്തിമാരായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം നാളെ വൈകീട്ട് ആറിന് നടക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..