സന്ദീപ് വാര്യര്‍ പാണക്കാട് എത്തി ; സ്വീകരിച്ച് സാദ്ദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും
പാലക്കാട് : ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയ സന്ദീപ് വാര്യര്‍ മുസ്ലീം ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലീംലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു.എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രദേശിക കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുസ്ലിം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപിന്റെ പ്രതികരണം. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിര്‍ദേശ പ്രകാരമാണ്. അതുപോലെ തന്നെ മുന്‍ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തില്‍ താന്‍ മത നിരപേക്ഷ നിലപാടുകളാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും സന്ദീപ് പറയുന്നു.
ഇന്നലെയായിരുന്നു സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. ബിജെപിയുമായുള്ള അകല്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സന്ദീപിന്റെ പാര്‍ട്ടി പ്രവേശനം.