December 26, 2024
#Top Four #Travel

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി വര്‍ധിപ്പിക്കും

ശബരിമല: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വര്‍ധിപ്പിച്ചേക്കും. ഈ മാസം 27ന് നടക്കുന്ന 12 വിളക്കിന് മുമ്പായി വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിങ് 80,000 ആക്കി ഉയര്‍ത്തുമെന്നാണ് വിവരം. മണ്ഡല പൂജക്കായി നട തുറക്കുന്ന ദിനം മുതല്‍ 80,000 തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്ചല്‍ ക്യൂ മുഖേന പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം അവഗണിച്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെര്‍ച്ചല്‍ ക്യൂ ബുക്കിങ് 70,000 മതിയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

Also Read; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; കേസില്‍ എംഎല്‍എ വിചാരണ നേരിടണം

അതേസമയം ബുക്ക് ചെയ്തവരില്‍ 15,000 പേരുടെയെങ്കിലും കുറവ് പ്രതിദിനം ഉണ്ടാവുന്നുണ്ട്. ഇവര്‍ ബുക്കിങ് റദ്ദ് ചെയ്യാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് ബുക്കിങ്ങിനുള്ള അവസരം നഷ്ടമാകുന്നുണ്ട്. സ്‌പോട്ട് ബുക്കിങ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞിട്ടുമുണ്ട്. സ്‌പോട്ട് ബുക്കിങ്ങിനെ ചൊല്ലിയുള്ള വിവാദം മൂലം പമ്പയില്‍ എത്തിയശേഷം ദര്‍ശനത്തിന് പോകാന്‍ കഴിയുമോ എന്ന ആശങ്കയും തീര്‍ത്ഥാടകര്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനാലാണ് സ്‌പോട്ട് ബുക്കിങില്‍ കുറവ് വരുന്നതെന്നാണ് വിലയിരുത്തല്‍. നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. ഇക്കാര്യം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എന്നാലും 12 വിളക്ക് മുതല്‍ സംസ്ഥാനത്തിന് അകത്തുനിന്നും അടക്കം എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായേക്കാം എന്ന് ദേവസ്വം ബോര്‍ഡ് ഭയക്കുന്നുണ്ട്. ഇത് മുന്‍നിര്‍ത്തി വെര്‍ച്ചല്‍ ബുക്കിങ് എണ്ണം അടിയന്തരമായി 80,000 ആക്കി ഉയര്‍ത്തും എന്നാണ് ലഭിക്കുന്ന വിവരം.

Leave a comment

Your email address will not be published. Required fields are marked *