December 26, 2024
#kerala #Top Four

പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാലക്കാട് ഇക്കുറി പോളിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51% ആണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.71 ശതമാനമായിരുന്നതാണ് ഇത്തവണ 70.51 ആയത്. അതേസമയം ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിങ് കൂടിയത് നേട്ടമാകുമെന്ന കണക്കൂട്ടലിലാണ് ബിജെപിയും. എന്നാല്‍ പ്രതീക്ഷ ഒട്ടും കൈവിടാതെ ഇടതുമുന്നണിയും രംഗത്തുണ്ട്.

Also Read ; കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ ആശ്വാസം

ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഇത്തവണ പോളിംഗ് ഉയര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുകയാണ്.

ഒന്നര മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കുമൊടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയില്‍ കൂടുതല്‍ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയര്‍ന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്.

മറുവശത്ത്, യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്പില്‍ ചങ്കിടിപ്പുയരാന്‍ കാരണം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്.

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കള്‍ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ യുഡിഎഫില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നാലായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

2021 ല്‍ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ ജയിച്ചത്. അന്ന് സിപിഎമ്മില്‍ നിന്ന് വലിയ തോതില്‍ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചിരുന്നു. അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തില്‍ കണ്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്ന സ്ഥിതിയില്‍ നിന്ന് നില മെച്ചപ്പെടുത്തി രണ്ടാമതെത്താന്‍ സാധിക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. പാലക്കാടന്‍ കാറ്റ് ആര്‍ക്ക് അനുകൂലമായി വീശുമെന്ന് 23 ന് കണ്ടറിയാം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *