പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല , ഉത്തരവാദിത്തം തനിക്ക് തന്നെ ,നില്‍ക്കണോ പോണോ എന്ന് കേന്ദ്രം തീരുമാനിക്കും : സുരേന്ദ്രന്‍
കോഴിക്കോട് : പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തുമെന്നും ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തില്‍ നിന്ന് നല്ല നിലയില്‍ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകള്‍ സമാഹരിക്കാന്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയ ആളാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയായത്. മൂന്ന് പേരുകള്‍ ചര്‍ച്ചയില്‍ വന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ മല്‍സരിക്കാന്‍ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. മലമ്പുഴയില്‍ മൂവായിരം വോട്ടുകള്‍ അമ്പതിനായിരം ആക്കിയ സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാര്‍.
പക്ഷേ പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നമുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. പരസ്യ പ്രസ്താവനകള്‍ എല്ലാം പരിശോധിക്കും. കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകണം എന്നാണ് ചില നിരീക്ഷകരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്തതിന്റെ ചൊരുക്കാണ് ചിലര്‍ക്കുളളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേള്‍ക്കാന്‍ വിധിക്കപ്പെട്ടയാണ് താനെന്നും പരാജയമുണ്ടായാല്‍ എപ്പോഴും പഴി പ്രസിഡന്റിന് വരുമെന്നും പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ഥാന മാറ്റം വ്യക്തിപരമല്ല. പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അതനുസരിക്കും. എന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..