നവീന്‍ ബാബുവിന്റെ മരണം: അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. എഡിഎം ഒരു തെറ്റുപറ്റിയതായി തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും കളക്ടറുടെ മൊഴി എടുത്തിരിക്കുന്നത്.
എഡിഎം തനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ട് നില്‍ക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവര്‍ത്തിച്ചതിന് പിന്നാലെയാണ് വീണ്ടും കളക്ടറുടെ മൊഴി എടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ പോയതിന് പിറകെയാണ് നടപടി.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടര്‍ സമാന മൊഴി നല്‍കിയിരുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടര്‍ തന്നെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഇല്ലായിരുന്നു. ഒക്ടോബര്‍ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നല്‍കിയ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..