ലോട്ടറി എടുത്താലെ അടിക്കൂ, പറ്റിക്കപ്പെട്ട ശുദ്ധരായ നാട്ടുകാരുണ്ട് അവരെ സഹായിക്കണം, കോടീശ്വരനായതില്‍ ഭയമൊന്നുമില്ല – പൂജ ബംപര്‍ ലോട്ടറിയടിച്ച ദിനേശ് മനസ് തുറക്കുന്നു
കൊല്ലം: പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചതില്‍ വളരെ സന്തോഷമെന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാര്‍. ലോട്ടറി അടിച്ച വിവരം ബുധനാഴ്ച തന്നെ അറിഞ്ഞിരുന്നു. ബംപര്‍ സ്ഥിരമായി എടുക്കാറുണ്ട്. ചെറിയ ടിക്കറ്റുകള്‍ എടുക്കാറില്ല. പത്ത് ടിക്കറ്റ് വീതമാണ് എടുക്കാറ്. എന്നിട്ട് വീട്ടില്‍ അച്ഛന്‍, അമ്മ, പെങ്ങള്‍ക്കൊക്കെ ഓരോന്നുവീതം കൊടുക്കും. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ദിനേശ് പറഞ്ഞു. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ടിക്കറ്റെടുത്തത്. 12 കോടി ഒന്നാം സമ്മാനത്തിന് പുറമെ ദിനേശ് കുമാറിന് ഏജന്‍സി കമ്മീഷനും കിട്ടും.
നേരത്തെയും ലോട്ടറി അടിച്ചിട്ടുണ്ട്…
മുന്‍പ് 50,000, 10000 രൂപയൊക്കെ അടിച്ചിട്ടുണ്ടെന്നും 2019 ല്‍ 12 കോടിയുടെ സമ്മാനം തൊട്ടടുത്ത നമ്പറിനാണ് നഷ്ടമായതെന്നും ദിനേശ് പറഞ്ഞു. ഭാര്യയോടും മക്കളോടും ഇന്ന് രാവിലെയാണ് ലോട്ടറി അടിച്ച കാര്യം പറഞ്ഞത്. പണം ആദ്യം കുറച്ചുകാലത്തേക്ക് നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. നാട്ടില്‍ കുറച്ച് ശുദ്ധരായ നാട്ടുകാരുണ്ട്. ശുദ്ധരായതുകൊണ്ടു തന്നെ അവരെ പറ്റിച്ചു പോയവരുമുണ്ട്. അവരെ സഹായിക്കണം. വീടുവെച്ചു കൊടുക്കാനും ചികിത്സാ സഹായത്തിനും സര്‍ക്കാരും ചാരിറ്റി സംഘടനകളുമുണ്ട്. ശുദ്ധരായ ചിലരൊക്കെ സാമ്പത്തികമായി പറ്റിക്കപ്പെട്ടു പോകുന്നുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടു പോയവരുണ്ട്. അവരെയൊക്കെ സഹായിക്കണം, പണം എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
എല്ലാവരും ലോട്ടറി എടുക്കണം…
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കോടീശ്വരനായതില്‍ ഭയമൊന്നുമില്ലെന്നും ജീവിതം പഴയതുപോലെ തന്നെയായിരിക്കുമെന്നും ദിനേശ് പറഞ്ഞു. കേരള ഭാഗ്യക്കുറി നല്ലൊരു കാര്യമാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്നതാണ്. ലോട്ടറി എടുത്താലെ അടിക്കൂ. എല്ലാവരും ലോട്ടറി എടുക്കണമെന്നാണ് തന്റെ അഭിപ്രായം. എടുക്കാതിരുന്നിട്ട് അടിക്കാത്തതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഒരു ടിക്കറ്റോ രണ്ട് ടിക്കറ്റോ അടിച്ചില്ലെന്ന് പറഞ്ഞ് എടുക്കാതിരുന്നിട്ട് കാര്യമില്ല. എല്ലാവര്‍ക്കും ലോട്ടറി അടിക്കാന്‍ പറ്റില്ലല്ലോ. എടുത്തുനോക്കിയാല്‍ ലോട്ടറി അടിക്കുമെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.