പോലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ല, പിന്നെ എന്തിന് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നു..! ബോബി ചെമ്മണ്ണൂര്‍ പുറത്തേക്ക്

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇന്ന് മൂന്നരയ്ക്കാണ് ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുക. ബോബി ചെമ്മണ്ണൂരിന്റെ പ്രയോഗത്തില്‍ ദ്വയാര്‍ത്ഥം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ബോബിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പോലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. എന്തിനാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിടണമെന്ന കോടതിയുടെ ചോദ്യത്തിന്, പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചു കഴിഞ്ഞെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള ഹാജരായി. നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്.