‘ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി’ ; അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം ആഷിഖ് നാട്ടുകാരോട് പറഞ്ഞു
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ മകന്‍ ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും അമ്മയുടെ പേരിലുള്ള സ്ഥലം വില്‍ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. അമ്മയെ കൊല്ലണമെന്ന് പ്രതി ചിലരോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി.
Also Read ; കുസാറ്റ് അപകടം; കുറ്റപത്രം സമര്‍പ്പിച്ചു, മുന്‍ പ്രിന്‍സിപ്പലടക്കം മൂന്ന് പ്രതികള്‍
ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോടാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടില്‍ നിന്നും കത്തി വാങ്ങിയാണ് ആഷിഖ് കൊലപ്പെടുത്തിയത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കിയെന്നാണ് കൃത്യത്തിന് ശേഷം ആഷിഖ് പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പോലീസിന് പിടിച്ചുകൊടുത്തത്.
കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കും. അതേസമയം അമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യ പരിശോധനക്കെത്തിച്ചപ്പോള്‍ പ്രതിയുടെ പ്രവര്‍ത്തികള്‍. ആഷിഖിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. അതേസമയം കൊല്ലപ്പെട്ട സുബൈദയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലാണ്. സുബൈദയുടെ സംസ്‌കാരം ഇന്ന് നടക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































