അനസ് എടത്തൊടികയും റിനോ ആന്റോയും ജോലിക്കായി കാത്തിരിക്കുന്നു, ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് സൂപ്പര്‍ ന്യൂമററി നിയമനം; കേരള പോലീസില്‍ വിവാദം
തിരുവനന്തപുരം: ദേശീയ കായികതാരങ്ങള്‍ വരെ സര്‍ക്കാര്‍ ജോലിക്കായി കാത്ത് നില്‍ക്കുമ്പോള്‍ കായിക ഇനമായി പോലും കണക്കാക്കാത്ത രണ്ട് ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് ഇന്‍സ്പെക്ടര്‍ റാങ്കില്‍ വഴിവിട്ട് സൂപ്പര്‍ന്യൂമററി നിയമനം നല്‍കിയെന്ന് ആക്ഷേപം. ചിത്തരേഷ് നടേശന്‍, ഷിനു ചൊവ്വ എന്നിവര്‍ക്ക് ആംഡ് പോലീസ് ബറ്റാലിയനില്‍ ഇന്‍സ്പെക്ടറുടെ രണ്ട് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുമെന്നാണ് മന്ത്രിസഭ തീരുമാനം. ബറ്റാലിയനില്‍ അടുത്തുണ്ടാകുന്ന ആംഡ് പോലീസ് ഇന്‍സ്പെക്ടറുടെ രണ്ട് റെഗുലര്‍ ഒഴിവുകളില്‍ നിയമനം ക്രമീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ആംഡ് ബറ്റാലിയന്‍ ഇന്‍സ്പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് നിയമനം. സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് പരിഗണിക്കുന്ന ഇനമല്ല ബോഡി ബില്‍ഡിങ്ങെന്ന നിയമവും ലംഘിച്ചു. ഇന്‍സ്പെക്ടര്‍ റാങ്കിലേക്ക് കായിക താരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് ഗെസറ്റഡ് റാങ്കായ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള നിയമനം.
Also Read; മിഹിറിന്റെ മരണം; മൊഴിയെടുപ്പ് ആരംഭിച്ചു
ഫുട്ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉള്‍പ്പടെ അംഗീകൃത കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ഒട്ടേറെപ്പേര്‍ ജോലി കാത്ത് കാഴിയുമ്പോഴാണ് ഈ പിന്‍വാതില്‍ നിയമനം. കണ്ണൂര്‍ സ്വദേശിയായ ഷിനോ ചൊവ്വ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സി പി എം നേതാക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളിലേക്കുള്ള സൂചനയാണ്. തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഈ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സായുധസേന സബ് ഇന്‍സ്പെക്ടര്‍മാര്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ദക്ഷിണ കൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സാണ് കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശന്‍. ബോഡി ബില്‍ഡിങ് ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഷിനു ചൊവ്വ.