‘ഇനി തോന്നുംപടി പണം വാങ്ങാനാവില്ല’; ആംബുലന്‍സുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ആംബുലന്‍സിനെയും തരംതിരിച്ച് 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാര്‍ജും നിശ്ചയിച്ചിരിക്കുന്നത്.
Also Read; വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
നോണ്‍ എസി ഒമ്‌നി ആംബുലന്‍സുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ വീതം നല്‍കണം. ഓക്‌സിജന്‍ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികമായി നല്‍കണം. ഓരോ മണിക്കൂറിനും വെയ്റ്റിങ് ചാര്‍ജ് 150 രൂപയാണ്. എസിയുള്ള ഒമ്‌നി ആംബുലന്‍സിന് ആദ്യ 20 കിലോമീറ്റര്‍ വരെ 800 രൂപയാണ് അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്‌സിജന്‍ സപ്പോര്‍ട്ടിന് 200 രൂപയും വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയുമാണ് നല്‍കേണ്ടത്.
നോണ്‍ എസി ട്രാവലര്‍ ആംബുലന്‍സിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപയാണ് 20 കിലോമീറ്റര്‍ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാര്‍ജ്.
ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്‌നീഷ്യന്‍സ് പ്രവര്‍ത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലന്‍സുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലന്‍സിന് മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാര്‍ജ്.
കൂടാതെ കാന്‍സര്‍ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്പോള്‍ ഡി ലെവല്‍ ഐസിയു ആംബുലന്‍സുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലന്‍സുകളില്‍ പ്രദര്‍ശിപ്പിക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..