തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിയുടെ മരണം; ചികിത്സാപ്പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് മൂലമല്ലമരണം സംഭവച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മൊഴി. മരിച്ച വേണുവിന്റെ കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയത് എന്നുമാണ് ഡോക്ടര്‍മാരുടെ വാദം. വേണുവിന്റെ ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തില്‍ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ഡിഎംഇ നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും.
ഇതിനുശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്. മരിച്ച വേണുവിന്റെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവര്‍ക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്’ എന്നാണ് വേണു സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്. വേണുവിന്റെ മരണത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് വേണുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനുമാണ് കുടുംബം പരാതി നല്‍കിയത്. ആശുപത്രി അധികൃതരില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്നും ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും വേണുവിന്റെ ഭാര്യ സിന്ധു നല്‍കിയ പരാതിയില്‍ പറയുന്നു. നവംബര്‍ അഞ്ചിനാണ് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരുന്നത്.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































