December 20, 2025
#kerala #Top Four

അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ ജീനിയസ്

തൃശൂര്‍: തിരക്കഥാകൃത്തും സംവിധായനും നടനുമായി മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച മഹാപ്രതിഭയായ ശ്രീനിവാസന്‍ ഇനി ഓര്‍മ്മ. മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും സാധാരണക്കാരുടെ ജീവിതത്തെ പുകമറയില്ലാതെ വെള്ളിത്തിരയിലേക്ക് എത്തിച്ച മഹാപ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികളുടെ പൊതുജീവിതത്തെ ഏറെ സ്വാധീനിച്ച വേറെയൊരു നടനില്ലെന്ന് തന്നെ പറയാം.ഹാസ്യത്തെ ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിയായി അദ്ദേഹം ഉപയോഗിച്ചു.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍  ഉപയോഗിച്ച ശ്രീനിവാസന്റെ ആദ്യകാല സിനിമകള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസഹായതകളും സങ്കടങ്ങളും ആവിഷ്‌കരിച്ചു. സത്യന്‍ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേല്‍പ് അടക്കമുള്ള സിനിമകള്‍ മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ജീവിതവും പറയുന്നവയാണ്. അദ്ദേഹം എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1991 ല്‍ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.

ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു; അനുസ്മരിച്ച് ഉര്‍വശി

1956 ഏപ്രില്‍ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനുശേഷം 1976 ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീനിവാസന്‍ വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ത്യാഗരാജനുവേണ്ടിയും ശബ്ദം നല്‍കി. പല്ലാങ്കുഴല്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച കാഥികന്‍ സാംബശിവനു ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

പ്രിയദര്‍ശന്‍ സംവിധാനംചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതുന്നത്. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലന്‍ എം.എ, നാടോടിക്കാറ്റ്, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേല്‍പ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടന്‍ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോള്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് അദ്ദേഹം തിക്കഥയെഴുതി.

മികച്ച കഥ (സന്ദേശം), മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം), പ്രത്യേക ജൂറി പുരസ്‌കാരം (തകരച്ചെണ്ട) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആദ്യസംവിധാനസംരംഭത്തിന് തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *