January 15, 2025
#Top News

മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാര്‍ കുവൈറ്റില്‍ അറസ്റ്റില്‍

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ പത്തൊന്‍പത് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാരെ ജയിലില്‍ അടച്ചു. സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മലയാളി നഴ്സുമാര്‍ പിടിയിലായത്. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ അഞ്ച് മലയാളികള്‍ കൈക്കുഞ്ഞുങ്ങളുളള അമ്മമാരാണ്. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയിലില്‍ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്ക റൂട്‌സും ഇടപെടല്‍ നടത്തിവരികയാണ്.

സ്‌പോണ്‍സറും ഉടമയുമായുള്ള തര്‍ക്കമാണ് അറസ്റ്റിന് കാരണമെന്നാണ് ഇവരുടെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി സജ്ജീകരിച്ച ശസ്ത്രക്രിയ റൂമില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തവരാണ് അറസ്റ്റിലായതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ ഗാര്‍ഹിക തൊഴിലാളികളും കുടുംബ വിസയിലുള്ളവരും ഉള്‍പ്പെടുന്നതായും മന്ത്രാലയം അറിയിച്ചു.

പിടിയിലായ മുഴുവന്‍ മലയാളി നഴ്‌സുമാരും നിയമാനുസൃതമായാണ് ജോലി ചെയ്തിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. എല്ലാവര്‍ക്കും കാലാവധിയുള്ള വിസയും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് പുറമെ ഫിലിപ്പീന്‍സ്, ഇറാന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുളളവരും അറസ്റ്റിലായവരിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *