February 5, 2025
#International

ഈ വിസയുണ്ടെങ്കില്‍ യു എ ഇയില്‍ വീട് വാങ്ങാം, അറിയാം വ്യത്യസ്ത വിസകളെ കുറിച്ച്

ദുബായ്: യുഎഇയില്‍ ജോലി ചെയ്യുന്നില്ലെങ്കിലും രാജ്യത്ത് താമസിക്കാന്‍ സാധിക്കുന്ന മൂന്ന് തരത്തിലുള്ള വിസകള്‍ ഉണ്ട്. ഈ വിസകള്‍ കൈവശമുള്ളവര്‍ക്ക് ദുബായില്‍ വീട് വാങ്ങാം, എമിറേറ്റ്‌സ് ഐഡി സ്വന്തമാക്കാം, കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം. അറിയാം സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് റസിഡന്‍സ് വിസകളെ കുറിച്ച്.

1. റിമോട്ട് വര്‍ക്ക് വിസ

റിമോട്ട് വര്‍ക്ക് വിസയുണ്ടെങ്കില്‍ യുഎഇയില്‍ താമസിക്കാനും കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. യുഎഇക്ക് പുറത്ത് വിദൂരമായി ജോലി ചെയ്യുന്നവര്‍ ആയാല്‍ മതി. യുഎഇക്ക് പുറത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുന്ന വെര്‍ച്വല്‍ വര്‍ക്ക് വിസയാണ് റിമോട്ട് വര്‍ക്ക് വിസ. ഒരു വര്‍ഷത്തേക്കാണ് വിസയുടെ കാലാവധി. ആ വിസ ലഭിക്കാന്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. യുഎഇക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിന് വേണ്ടിയായിരിക്കണം ജോലി ചെയ്യേണ്ടത്.

പ്രതിമാസ വരുമാനം 3,500 യു എസ് ഡോളര്‍ (ദിര്‍ഹം12,853) ശമ്പളം ഉണ്ടായിരിക്കണം. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ കൈവശം ഉണ്ടായിരിക്കണം. യുഎഇയില്‍ പ്രാബല്യത്തിലുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം.

2. റിയല്‍ എസ്റ്റേറ്റ് നിക്ഷേപക വിസ

യുഎഇയിലെ റിയല്‍ എസ്റ്റേറ്റില്‍ നിങ്ങള്‍ എത്ര തുക നിക്ഷേപിച്ചു എന്നതിന് അനുസരിച്ച് ഈ വിസയ്ക്ക് അപേക്ഷിക്കാം. രണ്ട് അല്ലെങ്കില്‍ 10 വര്‍ഷത്തെ വിസയായിരിക്കും ലഭിക്കുക. സ്വയം സ്പോണ്‍സര്‍ ചെയ്ത താമസ വിസ നേടാം അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് സാധുതയുള്ള ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 750,000 ദിര്‍ഹം മൂല്യമുള്ള സ്വത്ത് സ്വന്തം പേരില്‍ ഉണ്ടായിരിക്കണം. പങ്കാളിക്ക് അതേ പണത്തിന്റെ മൂല്യമുള്ള സ്വത്ത് സ്വന്തമായുണ്ടെങ്കിലും വിസക്കായി അപേക്ഷിക്കാം. .

രണ്ട് മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ മൂല്യമുള്ള സ്വത്തുണ്ടെങ്കില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം

3. യുഎഇ റിട്ടയര്‍മെന്റ് വിസ

55 വയസിന് മുകളിലുള്ള വിരമിച്ചവര്‍ക്ക് നല്‍കുന്ന വിസയാണ് യുഎഇ റിട്ടയര്‍മെന്റ് വിസ. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് വിസയ്ക്കുള്ളത്. ഈ വിസ ലഭിക്കുവാന്‍ ചില നിബന്ധനകളുണ്ട്. യുഎഇക്ക് അകത്തോ പുറത്തോ 15 വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്തിട്ടുണ്ടായിരിക്കണം. വിരമിക്കുമ്പോള്‍ 55 വയസോ അതില്‍ കൂടുതലോ ആയിരിക്കണം. 1 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത സ്വത്ത് കൈവശം ഉണ്ടായിരിക്കണം. ദുബായില്‍ താമസിക്കാനുള്ള പണം കൈവശം ഉണ്ടായിരിക്കണം. പ്രതിമാസം 15,000 ദിര്‍ഹം കൈവശം കിട്ടുന്ന രീതിയില്‍ വരുമാനം ഉണ്ടായിരിക്കണം. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നല്‍കണം.

Leave a comment

Your email address will not be published. Required fields are marked *