December 22, 2024
#Premium

കള്ളനോട്ടുകള്‍ വെളുപ്പിച്ചത് സഹകരണ ബാങ്ക് വഴിയോ? രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ

ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായി മാറിയ നോട്ടു നിരോധത്തിനുശേഷം പുറത്തിറങ്ങിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. നോട്ട് പിന്‍വലിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നൂള്ളുവെങ്കിലും 95 ശതമാനത്തിലധികവും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്.

കള്ളപ്പണം ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ 2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമം മറികടക്കുന്നതിനായി 2000 രൂപ നോട്ടുകളും പുറത്തിറക്കി. 2016 നവംബര്‍ മുതല്‍ 2018-19 വരെയുള്ള കാലയളവില്‍ 2000 രൂപയുടെ 371 കോടി നോട്ട് അച്ചടിച്ചെന്നാണ് കണക്ക്. 2019 മുതല്‍ 2000 രൂപ കറന്‍സി അച്ചടി നിര്‍ത്തിവെച്ചു.

നോട്ട് നിരോധനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് കള്ളപ്പണം സൂക്ഷിച്ചിരുന്നവരെല്ലാം 2000 രൂപയുടെ നോട്ടുകളിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂക്ഷിക്കാന്‍ എളുപ്പമെന്ന നിലയില്‍ കള്ളപ്പണക്കാര്‍ വന്‍തോതില്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വന്തമാക്കിയതോടെ ഈ നോട്ടുകള്‍ക്ക് ക്ഷാമവുമുണ്ടായി. കള്ളപ്പണം വീണ്ടും പെരുകുകയാണെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നോട്ടുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

2000 രൂപയുടെ കള്ളനോട്ടുകള്‍ വിപണിയില്‍ വ്യാപകമാകുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥിതിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നിലനില്‍ക്കെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് സാമ്പത്തിക വിദഗ്ദ്ധരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കറന്‍സി നോട്ട് കൈകാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ഒരുവിഭാഗം വാദിച്ചപ്പോള്‍ നോട്ട് പിന്‍വലിക്കല്‍ നേട്ടമാകുമെന്ന് മറുവിഭാഗവും അവകാശപ്പെടുന്നു.

500, 1000 രൂപയുടെ നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത പ്രത്യാഘാതമുണ്ടായെന്നാണ് പൊതുവെയുള്ള വിലിയിരുത്തലുകള്‍. കള്ളപ്പണം എന്ന ഒറ്റ ലക്ഷ്യത്തിലൂന്നി മുന്നൊരുക്കമില്ലാതെ നോട്ട് പിന്‍വലിച്ചത് പൊതുജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് കണക്കില്ല. മാസങ്ങളോളം അലഞ്ഞാണ് ജനങ്ങള്‍ നിരോധിച്ച നോട്ടുകള്‍ മാറിയെടുത്തത്. ദീര്‍ഘകാലം ബാങ്ക് നിയന്ത്രണമുണ്ടായത് പൊതുവിപണിയേയും സാമ്പത്തിക നീക്കങ്ങളേയും കാര്യമായി ബാധിച്ചു.

കള്ളപ്പണം ഇല്ലാതാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം ചെറിയ തോതിലെങ്കിലും ലക്ഷ്യം കണ്ടെങ്കിലും വാണിജ്യ ബാങ്കുകള്‍ വഴിയും സഹകരണ ബാങ്കുകള്‍ വഴിയും കള്ളപ്പണം ഒഴുകിയെന്നാണ് വിവരം. സംസ്ഥാനത്ത് ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്കെതിരെ ഇഡി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

2016ലെ നോട്ട് നിരോധനവും ഇപ്പോഴത്തെ 2000 രൂപ പിന്‍വലിക്കലും തമ്മില്‍ സാമ്യതയുണ്ടെങ്കിലും ഇത് രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് അടിസ്ഥാനപരമായി തെറ്റാണ്. നോട്ട് അസാധുവാക്കല്‍ സമയത്ത് ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ നോട്ട് പുറത്തിറക്കേണ്ടത് അനിവാര്യമായിരുന്നു. കാരണം കറന്‍സി പിന്‍വലിച്ചപ്പോള്‍ പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ 86 ശതമാനത്തെ അത് ബാധിച്ചു. എന്നാല്‍, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ കറന്‍സിയുടെ കൈമാറ്റങ്ങളേയോ വിപണിയേയോ ബാധിച്ചില്ല.

2,000 രൂപ പിന്‍വലിക്കലിന് പല കാരണങ്ങളും പറയുന്നുണ്ട്. ബാങ്കുകളെ സംബന്ധിച്ച് എല്ലാ ബാങ്കുകളും 2000 രൂപ നോട്ടുകള്‍ ഉള്‍ക്കൊള്ളുന്നതിനായി എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്തിരുന്നെങ്കിലും ആവശ്യത്തിന് 2,000 രൂപ നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന് ബാങ്കുകള്‍ പരാതിപ്പെട്ടിരുന്നു. 2000 രൂപ പൂഴ്ത്തിവെച്ചിരുന്നതിനാലാണ് പണമൊഴുക്ക് കുറഞ്ഞത്.

സര്‍ക്കാരും സെന്‍ട്രല്‍ ബാങ്കും 2000 രൂപ പിന്‍വലിക്കാനുള്ളതിന്റെ പ്രത്യേക കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, രാജ്യത്ത് സംസ്ഥാന, പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് ഇത് വരുന്നതെന്നും വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൂഴ്ത്തിവെയ്ക്കപ്പെട്ട കള്ളനോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിലൂടെ വെളുപ്പിക്കുന്നത് 2000 രൂപ പിന്‍വലിക്കലോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 3.62 ലക്ഷം കോടി രൂപയാണ്. അതായത്, ആകെ കറന്‍സിയുടെ 10.8% ആണിത്. 2000 രൂപ കറന്‍സി മാറ്റുമ്പോള്‍ ചെറിയ മൂല്യമുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതിനാല്‍ ബാങ്കുകളില്‍ തിക്കും തിരക്കും ഉണ്ടായതുമില്ല. മാത്രമല്ല, കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെയും ഇ കൊമേഴ്സിന്റെയും വ്യാപ്തി ഗണ്യമായി വര്‍ധിച്ചത് നോട്ട് പിന്‍വലിക്കല്‍ ബാധിക്കാതിരിക്കാന്‍ കാരണമായി.

പണം പൂഴ്ത്തിവെക്കുന്നവരെ കുടുക്കുകയാണ് സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കുന്നവര്‍ക്ക് മാത്രമേ 2000 രൂപയുടെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചിട്ടുള്ളൂ.

Leave a comment

Your email address will not be published. Required fields are marked *